ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും കൂടുന്നെന്ന് ആരോപിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചു. ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് സുപ്രീംകോടതി പുറപ്പടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് സമസ്തയുടെ ഹർജി.
കോടതിയലക്ഷ്യ ഹർജിയാണ് സമസ്ത സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. 2018-ൽ തെഹ്സീൻ പൂനവാല കേസിലാണ് സുപ്രീംകോടതി ആൾക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് ഇറക്കിയത്. എന്നാൽ ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നില്ലെന്നാണ് സമസ്തയുടെ ആരോപണം.
സുപ്രീംകോടതി പുറപ്പടുവിച്ച നിർദ്ദേശങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് സമസ്തയുടെ ആവശ്യം. ബിഹാറിൽ മുസ്‌ലീങ്ങൾക്കെതിരേ നടന്ന വിവിധ അക്രമങ്ങളുടെ വിശദാംശങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ പി.എസ്. സുൾഫീക്കർ അലി ആണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.