ആലപ്പുഴ: മദ്യലഹരിയിൽ സ്വന്തം കുഞ്ഞുമായി ആനയുടെ മുമ്പിൽ പാപ്പാന്റെ അഭ്യാസം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി. ഇതിനിടെ കുഞ്ഞ് കൈയിൽനിന്ന് വഴുതി ആനയുടെ അടിയിലേക്ക് വീഴുകയും ചെയ്തു. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സാഹസം കാണിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ ചോറൂണ് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽവെച്ച് നടത്തിയിരുന്നു. തുടർന്ന് കുട്ടിയെ ആനത്താവളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷമാണ് കുട്ടിയെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്താൻ ശ്രമിച്ചതും ആനയുടെ അടിയിൽകൂടി പാപ്പാൻ നടന്നതും. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പാപ്പാന്മാരായിരുന്നു ആനയ്ക്ക് ഉണ്ടായിരുന്നത്. ഇവർ മൂന്നുപേരും മദ്യലഹരിയിലായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ രണ്ടു പാപ്പാൻമാരെ സ്കന്ദൻ ആക്രമിക്കുകയും ഇതിൽ ഒരു പാപ്പാൻ മരിക്കുകയും ചെയ്തിരുന്നു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. പാപ്പാനെ കൊന്നതിനെ തുടർന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുകയാണ് സ്കന്ദനെ. ഇതുവരെ ഇവിടെ നിന്ന് ആനയെ മാറ്റിയിരുന്നില്ല. കെട്ടിയ സ്ഥലത്ത് തന്നെയാണ് ആനയ്ക്ക് ഭക്ഷണമടക്കം നൽകുന്നത്. ഈ ആനയുടെ അടുത്തേക്കാണ് പാപ്പാൻ കുട്ടിയുമായെത്തിയത്.