തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഭൂമദ്ധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തികൂടിയ ന്യുനമർദ്ദമായും മാറി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയോടെ ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ വ്യാഴം/വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
തെക്കൻ തമിഴ്നാട് മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ കേരളത്തിലും, പ്രത്യേകിച്ച് മദ്ധ്യ-തെക്കൻ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കക്കുന്നത്.