കോഴിക്കോട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇലക്ഷൻ കമ്മീഷൻ്റെ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിൽ ബിഎൽഒക്ക് പിഴവ് സംഭവിച്ചതായി പരാതി. ഇതോടെ അഞ്ഞൂറിൽപ്പരം ആളുകൾ ഹിയറിംഗിന് പോകേണ്ട സാഹചര്യമാണുള്ളത്. കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തിലാണ് ഗുരുതര വീഴ്‌ച സംഭവിച്ചത്. സംഭവത്തിൽ ബിഎൽഒക്കെതിരെ ജില്ലാ കലക്‌ർക്ക് ഉൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ജനപ്രതിനിധികൾ.
എസ്ഐആറിൻ്റെ പൂരിപ്പിച്ച ഫോം, ബിഎൽഒ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്. 2002-ൽ വോട്ടുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകൾ തെറ്റായ രീതിയിൽ ബിഎൽഒ ആപ്പിൽ അപ്‌ലോഡ് ചെയ്‌തു. ഇതോടെ ഇത്രയും ആളുകൾ വോട്ടർ പട്ടികയിൽ നിന്നും പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തിലെ ബിഎൽഒയുടെ ഈ അശ്രദ്ധ സൃഷ്ടിച്ചത് ഗുരുതര പ്രതിസന്ധിയാണ്. അഞ്ഞൂറിൽപ്പരം ആളുകളാണ് പട്ടികയിൽ ഇല്ലാത്തത്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഹിയറിങ്ങിനായി ആളുകൾക്ക് തിരിച്ചുവരേണ്ട സാഹചര്യമാണ്.