കൊച്ചി: കുമ്പളത്ത് അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച മകൾ പിടിയിൽ. പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യ (29) യാണ് അമ്മ സരസ (52)യെ ഫെയ്സ്ക്രീം ഒളിപ്പിച്ചുവച്ചതിന് ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമ്പിപ്പാര കൊണ്ടുള്ള അടിയിൽ വാരിയെല്ല് ഒടിഞ്ഞ സരസുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരച്ചിലിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്.
ഫെയ്സ്ക്രീം കാണായതോടെ നിവ്യ ആദ്യം സരസുവിന്റെ കഴുത്തിൽ പിടിച്ച് ഞെക്കുകയും മുഖത്തടിക്കുകയുമായിരുന്നു. പിന്നീട് ചവിട്ടി നിലത്തിട്ട ശേഷമാണ് കമ്പിപ്പാര കൊണ്ട് അടിച്ചത്. സരസുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് നിവ്യയെ വയനാട്ടിൽ നിന്നും അറസ്റ്റു ചെയ്തു. കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് നിവ്യയെന്നു പോലീസ് പറഞ്ഞു. വിവാഹിതയായ നിവ്യ ഭർത്താവുമായി അകന്നു കഴിയുകയാണ്.