നാദാപുരം: വയോജന പാർക്കിലെ ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന് പരിക്ക്. വാണിമേലിൽ ജനകീയ പങ്കാളിത്തത്തോടെ പുതുതായി നിർമ്മിച്ച പാർക്കിലാണ് അപകടം. വാണിമേൽ പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച രാത്രി വിശ്രമവേളയിൽ അഖിലേഷ് ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ പാരപ്പെറ്റും ഇരുമ്പ് തൂണും ഉൾപ്പെടെയുള്ളവ ദേഹത്തേക്ക് തകർന്ന് വീഴുകയായിരുന്നു. അഖിലേഷിൻ്റെ തലയ്ക്ക് ഒൻപത് തുന്നലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ട്.
കുട്ടികളും പ്രായമായവരും അടക്കം നൂറോളം പേർ ദിവസവും വ്യായാമത്തിനും വിനോദത്തിനുമായി എത്തുന്ന പാർക്കിലെ മറ്റു ഉപകരണങ്ങളും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാർക്കിലെ ഇരുമ്പ് ഉപകരണങ്ങൾ പലതും മഴയത്ത് ദ്രവിച്ചു നശിച്ച നിലയിലാണ്.