നരിക്കുനി: എം.പി വീരേന്ദ്രകുമാർ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള തുക ഉപയോഗപ്പെടുത്തി നിർമ്മിച്ച നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഇഎംഎസ് മിനിസ്റ്റേഡിയം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ട പ്രവൃത്തിക്കാണ് തുടക്കമിട്ടിരിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി. പഞ്ചായത്ത് ഫണ്ട് 10 ലക്ഷം ഉപയോഗിച്ചാണ് രണ്ടാംഘട്ട പ്രവൃത്തി നടക്കുക. രണ്ടു പ്രവൃത്തികളും മാർച്ചിനു മുൻപേ പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് എഇ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് 15 വർഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തിൽ കാര്യമായ നവീകരണ പ്രവൃത്തിയൊന്നും നടന്നിരുന്നില്ല.
നിലവിലെ ചുറ്റുമതിൽ സിമന്റുകട്ട ഉപയോഗിച്ച് ഉയരം കൂട്ടിപ്പണിയുന്ന പ്രവൃത്തിക്കാണ് തുടക്കമിട്ടിരിക്കുന്നത്. തുടർന്ന്, നാലുവശവും ഇരുമ്പുപൈപ്പ് സ്ഥാപിക്കും. ടർഫ് മാതൃകയിൽ ഇരുമ്പു വലയിടും. സ്റ്റേഡിയത്തിൽ വോളിബോളിനും ഫുട്ബോളിനുമായി പ്രത്യേകം പ്രത്യേകം വേദിയുണ്ടാവും. കളിക്കിടയിൽ പുറത്തെ വയലിലേക്ക് പന്ത് തെറിച്ചു പോകുന്നത് തടയാൻ ഇപ്പോഴത്തെ പ്രവൃത്തിക്കാവും. കളിക്കാനായി എത്തുന്നവരുടെ ഏറെക്കാലത്ത ആവശ്യമാണ് ഇതോടെ പരിഹാരമാവുക. രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി കളിക്കളത്തിൽ ആവശ്യമായ വൈദ്യുതി വിളക്കുകളും ഗെയ്‌റ്റും സ്ഥാപിക്കും.