തിരുവനന്തപുരം: തിരുവനന്തപുരം പേയാട് യുവതിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി. വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ (26) ആണ് മരിച്ചത്. രണ്ടാം ഭർത്താവ് അരുവിപ്പുറം സ്വദേശി രതീഷിനെ വിളപ്പിൽശാല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയെ രതീഷ് മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സമാനമായ പരാതി പോലീസിന് ലഭിച്ചിരുന്നു. ഇന്നലത്തെ മർദ്ദനത്തെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പോലീസ് എത്തുമ്പോൾ വിദ്യ ചന്ദ്രൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ആദ്യ ഭർത്താവിനോട് പിണങ്ങി രതീഷിനോടൊപ്പം താമസിച്ച് വരികയായിരുന്നു യുവതി. വിദ്യ ചന്ദ്രന് രണ്ടു മക്കളുണ്ട്. ഇവർ യുവതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.