തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിൽ. കവളാകുളം സ്വദേശി ഷിജിനെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിച്ചെന്ന് ഷിജിൻ പോലീസിനോട് പറഞ്ഞു. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്നായിരുന്നു ഇയാൾ കുഞ്ഞിനെ മർദ്ദിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ കവളാകുളം സ്വദേശി ഷിജിൻ്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ്റെ മരണം. ആദ്യം മുതലേ മരണത്തിൽ ദുരൂഹത നിലനിന്നതിനാൽ കുഞ്ഞിൻ്റെ അമ്മയേയും അച്ഛനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അടിവയറ്റിൽ ക്ഷതമേറ്റ് രക്തസ്രാവം മൂലമാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഇതിന് പിന്നാലെ ഷിജിനെ വീണ്ടും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം സമ്മതിക്കുകയായിരുന്നു. ഭാര്യയോടുള്ള പിണക്കത്തിന്റെ പുറത്താണ് കൊടും ക്രൂരതയെന്നാണ് ഇയാളുടെ മൊഴി. കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റിൽ മർദ്ദിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലകുറ്റത്തിന് പോലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു വയസ്സുകാരൻ ഇഹാൻ കുഴഞ്ഞു വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നതും ചുണ്ടിലെ നിറ വ്യത്യാസവുമാണ് സംശയത്തിന് ഇടയാക്കിയത്. ഷിജിൻ കൊണ്ടുവന്ന ബിസ്ക്കറ്റ് കഴിച്ചതോടെയാണ് കുട്ടി കുഴഞ്ഞു വീണതെന്നായിരുന്നു കൃഷ്ണപ്രിയ പറഞ്ഞത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സായിരിക്കെയായിരുന്നു കുട്ടി മരിച്ചത്. മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ മൊഴികളിലെ പൊരുത്തക്കേടുകളും കുഞ്ഞിന്റെ കൈയിലെ പൊട്ടലിനെ കുറിച്ച് ഇരുവരും വിശദീകരണം നൽകാത്തതും സംശയങ്ങൾ ബലപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണങ്ങൾക്ക് ഒടുവിലാണ് അച്ഛന്റെ ക്രൂരത പുറത്ത് വന്നത്.