കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെ കോഴിക്കോട് ബീച്ചിലാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയവർ അറിയിച്ചതിനെ തുടർന്ന് വെള്ളയില്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയാണ് (30) പിടിയിലായത്.
മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട് തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു പ്രതി. ഇത് എവിടെ നിന്ന് ലഭിച്ചു എന്നടക്കമുള്ള വിവരം ലഭിക്കാൻ ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇയാൾ സ്ഥിരം കുറ്റവാളിയാണ്.