Trending

താമരശ്ശേരി എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപ്പിടിത്തം.

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപ്പിടിത്തം. ഇന്ന് പുലർച്ചെ മൂന്നരയോടെ ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന എം.ആർ.എം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം. പ്ലാന്റും, ഓഫീസ് ഉൾപ്പെടുന്ന മൂന്നുനില കെട്ടിടവും, ഫാക്ടറിയിലെ പിക്കപ്പ് വാനും പൂർണമായി കത്തിനശിച്ചു.

തീപ്പിടത്തമുണ്ടാകുന്ന സമയത്ത് ഫാക്ടറിയിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. സ്ഥാപനം രാത്രിയിൽ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. പല സ്ഥലങ്ങളിൽ നിന്നായി മാലിന്യങ്ങൾ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണിത്. ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചു എന്നാണ് സംശയിക്കുന്നത്. കോഴിക്കോട്, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവടങ്ങളിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായി അണച്ചത്.

തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടർന്നത് ആശങ്കയുണ്ടാക്കി. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി റോഡിൽ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാൻ്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിനു മുന്നിൽ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞു. വിശദമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ.

ആറോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപപ്രദേശങ്ങളായ താമരശ്ശേരി, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലൊന്നും ഫയർസ്റ്റേഷൻ ഇല്ലാത്തതാണ് തീപ്പിടത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഇരുപതിലധികം കിലോമീറ്റർ അകലെയുള്ള മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സ് വാഹനങ്ങൾ എത്താൻ മുക്കാൽ മണിക്കൂറിൽ അധികം സമയമെടുത്തു.

Post a Comment

Previous Post Next Post