Trending

പഠിപ്പില്ലെന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലി; യുവതിയും മകനും 9 ദിവസമായി കഴിയുന്നത് ഭർതൃവീടിന്റെ വരാന്തയിൽ.


കോഴിക്കോട്: ഫറോക്കിൽ ഭർത്താവ് മുത്തലാഖ് ചൊല്ലിയ യുവതിയും മകനും കഴിഞ്ഞ ഒൻപത് ദിവസമായി കഴിയുന്നത് ഭർതൃവീടിന്റെ വരാന്തയിൽ. ഹസീനക്കും 9 വയസുകാരനായ മകനുമാണ് ദുരവസ്ഥ. നിയമപോരാട്ടത്തിന് ഒടുവിൽ ഭർത്താവിനൊപ്പം ജീവിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും മുഹമ്മദ് ഫാസിൽ വീട് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറ്റുകയായിരുന്നു.

പത്തുവര്‍ഷം മുമ്പാണ് ഹസീനയെ ഫാസില്‍ വിവാഹം കഴിച്ചത്. മൂന്നുവര്‍ഷം കഴിഞ്ഞതോടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടായി. കുട്ടിയുണ്ടായതോടെ പിതൃത്വത്തില്‍ സംശയമുയര്‍ത്തി പീഡനമാരംഭിച്ചു. വഴക്കിനൊടുവില്‍ 2018-ലെ പെരുന്നാള്‍ ആഘോഷത്തിനായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് തന്നെ മാറ്റിനിര്‍ത്തുന്നതെന്ന് ഹസീന ആരോപിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതിനിടെ ഫാസില്‍ മറ്റൊരു വിവാഹവും കഴിച്ചു. 

ഭര്‍ത്താവ് ത്വലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും ഹസീന പറഞ്ഞു. ഉത്തരവുമായി ഹസീനയും മകനും വീട്ടില്‍ എത്തിയതെങ്കിലും ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി സ്ഥലംവിട്ടു. വീട്ടിലെ വൈദ്യുതിയും കുടിവെള്ള ബന്ധവും വിഛേദിക്കപ്പെട്ട അവസ്ഥയിലാണ്. പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഹസീന പറയുന്നു. ഭര്‍ത്താവിനൊപ്പം താമസിക്കാനുള്ള കോടതി ഉത്തരവ് ഹസീനയുടെ പക്കലുണ്ടെങ്കിലും, വീട് പൂട്ടി ഭര്‍ത്താവ് മാറിനില്‍ക്കുന്നതിനാല്‍ പോലീസിനും ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണ്. 

വിവാഹസമയത്ത് നല്‍കിയ 42 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും തിരികെ നല്‍കണമെന്നാണ് ഹസീനയും കുടുംബവും ആവശ്യപ്പെടുന്നത്. 25 ലക്ഷം രൂപ വരെ നല്‍കാമെന്ന് പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ ഫാസിലിന്റെ കുടുംബം സമ്മതിച്ചിരുന്നു. എന്നാല്‍ സ്വര്‍ണവും പണവും സംബന്ധിച്ച ഹസീനയുടെയും കുടുംബത്തിന്റെയും വാദം അടിസ്ഥാനരഹിതമാണെന്നാണ് ഫാസിലിന്റെ കുടുംബം പറയുന്നത്.

Post a Comment

Previous Post Next Post