ബാലുശ്ശേരി: ബാലുശ്ശേരിയിൽ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. ബാലുശ്ശേരി മുക്കിലെ സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ എകരൂൽ പരപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അർച്ചന എന്ന ബസ്സാണ് അപകടം വരുത്തിയത്. ഇന്ന് ഉച്ചയോടെ ബാലുശ്ശേരി ബസ് സ്റ്റാൻഡിന് മുൻവശത്ത് വെച്ചായിരുന്നു അപകടം.
ബസ് ബൈക്കിൽ ഇടിച്ചതോടെ യാത്രികൻ ബസ്സിനടിയിൽ അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗതയിലായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്നയുടനെ തന്നെ ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടു.