ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ചോടെ റിസര്‍വ് ബാങ്ക് 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം. മാര്‍ച്ചോടെ എടിഎമ്മുകളില്‍ 500 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്തലാക്കും എന്നാണ് പ്രചരിക്കുന്ന വാര്‍ത്തകളിലെ ഉള്ളടക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വാദം തള്ളി. ഇത് തെറ്റായ പ്രചാരണമാണെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് മാര്‍ച്ചോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം കൊഴുത്തത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പിഐബി ഫാക്ട് ചെക്ക് രംഗത്തുവന്നത്. ആര്‍ബിഐ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റാണെന്നുമാണ് പിഐബി ഫാക്ട് ചെക്ക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കിയിട്ടില്ലാത്തതിനാല്‍ അവയുടെ നിയമസാധുത ഇപ്പോഴും തുടരും. ഇത്തരം തെറ്റായ വിവരങ്ങളില്‍ വീഴരുതെന്നും വാര്‍ത്തകള്‍ വിശ്വസിക്കുകയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കിടുകയോ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.