Trending

‘ലഹരി ഇടപാട് പുറത്തുപറയും', കൊടിസുനിയടക്കം കുടുങ്ങും’; താമരശ്ശേരിയിൽ മരിച്ച ഹസ്നയുടെ ശബ്ദസന്ദേശം പുറത്ത്.


താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിലിൽ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനി ഹസ്നയുടെ ശബ്‌ദസന്ദേശം പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. 'എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പോലീസിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപ്പെടൂ, ഞാൻ സാമൂഹിക മാധ്യമങ്ങൾ പുറത്തുവിടും' - ശബ്‌ദസന്ദേശത്തിൽ പറയുന്നു.

ജനുവരി ഒന്നിന് രാവിലെയാണ് 34 കാരി ഹസ്‌നയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്ന എട്ടു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസം. ആദിലിന്റെ ലഹരി ഇടപാടും ക്രിമിനൽ പശ്ചാത്തലവും നാട്ടുകാരും കുടുംബവും പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹസ്നയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് മാസങ്ങൾക്ക് മുൻപ് ഹസ്‌ന തന്റെ പിതാവിന്റെ ഫോണിൽ നിന്ന് ആദിലിന് അയച്ച ശബ്ദസന്ദേശം പുറത്തുവരുന്നത്.

നിലത്ത് കാൽ തൊടുന്ന നിലയിലായിരുന്നു മൃതദേഹമെന്നും വാതിൽ തുറന്നിട്ട നിലയിലായിരുന്നെന്നും ഹസ്നയുടെ കുടുംബം പറയുന്നു. ഈസമയം, തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ആദിലാണ് ഹസ്ന ആത്മഹത്യ ചെയ്തെന്ന് കുടുംബത്തെ വിളിച്ചറിയിക്കുന്നത്. മരണത്തിൽ ഇതുവരെ ഹസ്നയുടെ കുടുംബത്തിൻ്റെ മൊഴിയെടുക്കാനും പോലീസ് തയാറായിട്ടില്ല. ശബ്ദസന്ദേശം പോലീസിന് കൈമാറുമെന്നും ആദിലിനെ ചോദ്യം ചെയ്യണമെന്നും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

കൊടി സുനി അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. മരണത്തിന്റെ തലേദിവസം ഹസ്ന‌ മാതാവിനെ വിളിച്ച് വീട്ടിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിരുന്നു. ഇവിടുത്തെ പ്രശ്‌നങ്ങൾ എല്ലാം തീർത്തശേഷം താൻ വീട്ടിലേക്ക് മടങ്ങി വരുമെന്നും മകനൊപ്പം ഇനി നന്നായി ജീവിക്കണമെന്നും പറഞ്ഞതായി ബന്ധു പറഞ്ഞിരുന്നു. പിന്നാലെ ഹസ്‌നയെ വിളിച്ചു നോക്കിയപ്പോൾ ആദിലാണ് ഫോണെടുത്തത് തലവേദന കാരണം കിടക്കുകയാണെന്നും മാതാവിനോട് പറഞ്ഞു. അല്പസമയം കഴിഞ്ഞ് ഇയാൾ തന്നെ വീട്ടിലേക്ക് വിളിച്ച് ഹസ്ന ആത്മഹത്യ ചെയ്‌ത കാര്യം അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post