Trending

തൃശ്ശൂരിൽ ഇനി കലയുടെ മഹാപൂരം; 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.


തൃശൂർ: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ചെമ്പടമേളവും പഞ്ചവാദ്യവും വെടിക്കെട്ടും ആനയും എല്ലാം ഒന്നിച്ചാർക്കുന്ന തൃശൂരിൽ ഇനിയുള്ള അഞ്ചു നാളുകൾ കലയുടെ പൂരാവേശം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ ഒന്നാം വേദിയായ ‘സൂര്യകാന്തി’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

ഇന്നു മുതൽ 25 വേദികളിലായി 15,000ത്തോളം കൗമാരപ്രതിഭകൾ 249 ഇനങ്ങളിലായി കലയുടെ വർണം തീർക്കുമ്പോൾ കേരളം പുതിയ കലാപ്രതിഭകളെ കണ്ടെത്തും. മോഹിനിയാട്ടം, പണിയനൃത്തം, മിമിക്രി, ലളിതഗാനം, ചാക്യാർകൂത്ത്, അറബനമുട്ട്, തുള്ളൽ തുടങ്ങിയവയോടെ അഞ്ച് പകലിരവുകളിൽ കല നൃത്തമാടുമ്പോൾ കാഴ്ചക്കാർക്ക് അതൊരു പൂരത്തിനു മുമ്പുള്ള പൂരമായി മാറും. ഞായറാഴ്ചയാണ് കലോത്സവത്തിന് തിരശ്ശീല വീഴുക.

ഏഴാം വട്ടം തൃശൂർ ആതിഥ്യമരുളുന്ന കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ട്രോഫികൾ നൽകുന്നതിനൊപ്പം ആരോഗ്യ-ഉത്തരവാദിത്ത ശീലങ്ങളിലേക്ക് കൗമാരത്തെ കൈപിടിച്ചു നടത്താനും മേളയെ വിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കുന്നുണ്ട്. ഇതിനായി പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുകയും പാക്കറ്റ് ഭക്ഷണസാധനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post