കൊയിലാണ്ടി: ദേശീയപാത തിക്കോടിയിൽ ബൊലേറോ വാഹനം കീഴ്‌മേല്‍ മറിഞ്ഞ് ആറുപേർക്ക് പരിക്ക്. ഗര്‍ഭിണിക്കും മൂന്ന് വയസ്സുകാരനുമടക്കം വാഹനത്തിലുണ്ടായിരുന്ന ആറു പേര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനം എതിരെ വന്നപ്പോള്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. പോക്കറ്റ് റോഡില്‍ നിന്ന് കയറിവന്ന കാറില്‍ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് കീഴ്മേൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പയ്യോളി പോലീസ് അപകട സ്ഥലം സന്ദര്‍ശിച്ചു.