ഇൻസ്റ്റാഗ്രാമില്‍ വൻ സുരക്ഷാവീഴ്ച. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നെന്ന് റിപ്പോർട്ട്. മാല്‍വെയർ ബൈറ്റ്സ് ആണ് വീഴ്ച പുറത്തുവിട്ടത്. ലൊക്കേഷൻ, ഫോണ്‍ നമ്പർ, ഇ-മെയില്‍ അഡ്രസ് എന്നിവ അടക്കമാണ് ചോർന്നത്. വിവരങ്ങള്‍ ഡാർക്ക് വെബ്ബില്‍ വില്‍പ്പനയ്ക്കത്തിയെന്നാണ് വിവരം. സുരക്ഷാ വീഴ്ച പുറത്തുവന്നതിന് പിന്നാലെ, നിരവധി ഉപയോക്താക്കള്‍ക്ക് ഇൻസ്റ്റാഗ്രാം പാസ്‌വേഡ് റീസെറ്റ് ഇമെയിലുകള്‍ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാൻ സൈബർ ആക്രമണത്തിന് പിന്നിലുള്ളവർ സജീവമായി ശ്രമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംഭവത്തില്‍ ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ വിശദമായ സാങ്കേതിക വിശദീകരണം നല്‍കിയിട്ടില്ല.
ചോർന്ന വിവരങ്ങളുടെ അളവും തരവും കണക്കിലെടുത്ത് ഈ സംഭവം ആശങ്കാജനകമാണ്. ചോർന്ന വിവരങ്ങള്‍ ഉപയോഗിച്ച് സൈബർ ഇടങ്ങളില്‍ സാമ്പത്തിക കുറ്റങ്ങള്‍ ഉള്‍പ്പെടെ ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്. സൈബർ ആക്രമണത്തില്‍ നിന്ന് അക്കൗണ്ട് സുരക്ഷിതമാക്കാൻ സൈബർ സുരക്ഷാ വിദഗ്ധർ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പാസ്‌വേഡ് ഉടനടി മാറ്റുക, ടു-ഫാക്ടർ ഓതന്റിക്കേഷൻ, ഇ-മെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, ലോഗിൻ ആക്ടിവിറ്റി പരിശോധിക്കുക എന്നിവ പിന്തുടരാനാണ് വിദഗ്ധർ നല്‍കുന്ന നിർദ്ദേശം.