വടകര: അശ്രദ്ധമായി മുന്നോട്ടെടുത്ത ബസ്സിനും റോഡരികിലെ കൈവരിക്കുമിടയില്‍ കുടുങ്ങി പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയോടെ വടകര അഞ്ചുവിളക്കിലായിരുന്നു സംഭവം. നാദാപുരം സ്വദേശിനി ദേവാംഗനക്കാണ് പരിക്കേറ്റത്. കുട്ടി കൈവരിയുടെ ഇടയിലേക്ക് ഞെരുങ്ങി പോകുകയായിരുന്നു. വടകര എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ദേവാംഗന. വടകര-നാദാപുരം റൂട്ടില്‍ ഓടുന്ന അഷ്മിക ബസ്സായിരുന്നു അപകടമുണ്ടാക്കിയത്.
ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥി ഇറങ്ങിയ ഉടനെ ഡ്രൈവര്‍ അശ്രദ്ധമായി ബസ്സ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. ദേവാംഗന ബസ്സിനും കൈവരിക്കും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കുട്ടി ഉറക്കെ കരയുന്നത് കേട്ട യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.