Trending

ടി20 ലോകകപ്പ്; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സാംസണ്‍ ടീമിൽ.


മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഇടംനേടി മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. ഫോം ഔട്ടായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓപ്പണര്‍ ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിങും ലോകകപ്പ് ടീമിലുണ്ട്. ജിതേഷ് ശര്‍മ്മയെ തഴഞ്ഞതും ശ്രദ്ധേയമായി.

ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ അക്ഷര്‍ പട്ടേലാണ് ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റന്‍. ലോകകപ്പില്‍ സഞ്ജു സാംസൺ ആണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പോരാട്ടത്തിലും ഇതേ ടീമായിരിക്കും കളത്തിൽ ഇറങ്ങുക. 15 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഗില്ലിനെ ഒഴിവാക്കിയതിനാല്‍ തന്നെ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ആയിരിക്കും ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുക. 

ലോകകപ്പ് ടീമിനൊപ്പം ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 11 മുതല്‍ 31 വരെയാണ് ന്യൂസിലന്‍ഡിനെതിരായ വൈറ്റ്ബോള്‍ പരമ്പര.

ഫെബ്രുവരി 7ന് ആണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങള്‍. മാര്‍ച്ച് 8ന് ആണ് ഫൈനല്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്‍, യുഎസ്എ, നമീബിയ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ എതിരാളികള്‍. ഫെബ്രുവരി 7ന് യുഎസ്എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമാവുന്നത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ്, ജസ്പ്രിത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംങ്.

Post a Comment

Previous Post Next Post