കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് സ്വദേശി കെ.ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്‍റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനും അമ്മയും തൂങ്ങിയ നിലയിലും കുട്ടികൾ മുറിയില്‍ കട്ടിലിനോട് ചേർന്ന് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹങ്ങള്‍. രണ്ടു കുട്ടികളെ കൊലപ്പെടുത്തി മറ്റുള്ളവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാത്രി എട്ടു മണിയോടെയാണ് വിവരം പുറത്തറിയുന്നത്. കാലാധരനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വൈകീട്ട് പോലീസിൽ പരാതി നല്‍കിയിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി മുറി പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. വീട്ടിലെ കുടുംബ പ്രശ്നമാകാം മരണ കാരണമെന്നാണ് വിലയിരുത്തല്‍. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.