കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോടഞ്ചേരി നെല്ലിപ്പൊയില്‍ പാലത്തിങ്കല്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റാർ കാറാണ് കത്തിനശിച്ചത്. പൊറാളി -മുളവട്ടംകടവ് റോഡില്‍ ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ അടുത്തായിരുന്നു സംഭവം. 14 വര്‍ഷം പഴക്കമുള്ള കാർ പൂര്‍ണമായി കത്തിയമര്‍ന്നു. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. കാർ ഓടിക്കൊണ്ടിരിക്കെ എസിയുടെ ഭാഗത്ത് നിന്നും പുക ഉയരുകയും പൊടുന്നനെ തീ പടർന്നുപിടിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർ ഉടനെ പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. പേരാമ്പ്രയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. എ.എസ്.ടി.ഒ എം.പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.