ന്യൂഡൽഹി: പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാൻ ഭരണഘടനാ കോടതികൾക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കിരൺ വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് കർണാടക എന്ന കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
2014 ജനുവരി 01ന് അഞ്ച് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. ശാരീരിക ബന്ധം സ്ത്രീ എതിർത്തതോടെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 60% പൊള്ളലേറ്റ സ്ത്രീ പത്ത് ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് വിചാരണ കോടതി വിധിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു, സ്വാഭാവിക ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നു നിരീക്ഷിച്ച വിചാരണ കോടതി സിആർപിസി സെക്‌ഷൻ 428 പ്രകാരമുള്ള ആനുകൂല്യം പ്രതിക്ക് നിഷേധിക്കുകയും ചെയ്തിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം (72),(161) എന്നിവയ്ക്കും സിആർപിസി ചട്ടത്തിനും വിധേയമായ ഇളവിന്റെ ആനുകൂല്യത്തോടെ മാത്രമേ ശിക്ഷ വിധിക്കാനാവൂ. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ 30 വർഷം വരെയോ അല്ലെങ്കിൽ ജീവിതാവസാനം വരെയോ ഇളവില്ലാത്ത ശിക്ഷ വിധിക്കാം. എന്നാൽ, 14 വർഷത്തിനു മുകളിൽ ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അത് ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും ഉത്തരവിൽ പറഞ്ഞു. തുടർന്ന് കോടതി പ്രതിയുടെ ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കുറച്ചു. ഇളവിനായി അപേക്ഷ സമർപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു.