തിരുവനന്തപുരം: നിർദ്ധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്ന കേരള സർക്കാറിൻ്റെ സ്ത്രീ സുരക്ഷ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് (ഡിസംബർ 22) മുതൽ സ്വീകരിച്ചു തുടങ്ങും. https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വിമൺ അടക്കമുള്ള, എ എ വൈ (മഞ്ഞ കാർഡ്), പി എച്ച് എച്ച് (മുൻഗണന വിഭാഗം പിങ്ക് കാർഡ്) വിഭാഗത്തിൽ പെട്ടവർക്കാണ് അവസരം. (നീല, വെള്ള കാർഡുകൾ ഉള്ളവർ അർഹരല്ല).
35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരും കേരളത്തിൽ സ്ഥിര താമസക്കാരും ആയിരിക്കണം. മറ്റ് പെൻഷനുകൾ നിലവിൽ മറ്റു സാമൂഹ്യക്ഷേമ പെൻഷനുകളായ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, സർവീസ്/കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ, ഇ.പി.എഫ്. പെൻഷൻ തുടങ്ങിയവ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയില്ല.
പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ഇവയുടെ അഭാവത്തിൽ മാത്രം വയസ്സ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ലഭ്യമല്ലെന്ന അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ആനുകൂല്യം ലഭിക്കുന്നവർ ഓരോ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്പ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുകതിരിച്ചു പിടിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.