ബത്തേരി: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വണ്ടിക്കടവ് വനമേഖലയോട് ചേർന്ന കന്നാരം പുഴയ്ക്ക് സമീപമാണ് സംഭവം. പുഴയോരത്ത് നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.
വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്. അതിനിടെ വയനാട് ഉള്‍വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കൊല്ലപ്പെട്ട കൂമൻ്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നൽകും. ആറു ലക്ഷം രൂപ ഇന്ന് കൈമാറുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.