Trending

നിലമ്പൂര്‍ വനത്തിനുള്ളില്‍ സ്വര്‍ണ ഖനനം; ഏഴുപേര്‍ പിടിയില്‍.


മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം നടത്തിയ ഏഴുപേർ പിടിയില്‍. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ റസാഖ്, ജാബിര്‍, അലവിക്കുട്ടി, അഷ്‌റഫ്, സക്കീര്‍, ശമീം, സുന്ദരന്‍ എന്നിവരാണ് പിടിയിലായത്. മോട്ടോര്‍ പമ്പ്സെറ്റ് ഉപയോഗിച്ച് മണല്‍ ഊറ്റിയാണ് സംഘം സ്വര്‍ണം അരിച്ചെടുത്തിരുന്നത്. തിരുവനന്തപുരം വനം ഇന്റലിജന്‍സിനും നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ധനേഷ് കുമാറിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പനയങ്കോട് സെക്ഷന്‍ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയം ഭാഗത്തായിരുന്നു സ്വര്‍ണം ഖനനം നടത്തിയത്. 

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതിന് പിന്നിൽ അന്വേഷണത്തിലായിരുന്നു. പ്രതികള്‍ ഖനനം ചെയ്യുന്ന സമയത്താണ് ഉദ്യോഗസ്ഥര്‍ അവിടെ എത്തുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഖനനം നടത്തിവരികയാണെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവരെ കൂടാതെ മറ്റാര്‍ക്കെങ്കിലും സ്വര്‍ണ ഖനനത്തില്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലായേക്കും എന്ന് സൂചനയുമുണ്ട്. പ്രതികള്‍ മറ്റെവിടെങ്കിലും ഖനനം നടത്തിയിട്ടുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥരുടെ അന്വേഷണ പരിധിയിലുണ്ട്.

Post a Comment

Previous Post Next Post