ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം. റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് റെയിൽവേ ബോർഡ് തീരുമാനം. പുതിയ നിർദ്ദേശപ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് പത്തു മണിക്കൂർ മുമ്പ് യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. യാത്രക്കാർക്ക് അവരുടെ യാത്ര കൂടുതൽ കൃത്യമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതാണ് ഈ നടപടി.
നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് മാത്രമാണ് ആദ്യ ചാർട്ട് തയ്യാറാക്കിയിരുന്നത്. ഇത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്കും ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ടിക്കറ്റ് കൺഫേം ആകുമോ എന്ന കാര്യത്തിൽ അവസാന നിമിഷം വരെ നിലനിന്നിരുന്ന ആശങ്ക പരിഹരിക്കാനാണ് ചാർട്ട് തയ്യാറാക്കുന്ന സമയം നേരത്തെയാക്കാനുള്ള റെയിൽവേയുടെ തീരുമാനം.
പുതിയ ടൈംടേബിൾ പ്രകാരം പുലർച്ചെ അഞ്ചു മണിക്കും ഉച്ചയ്ക്ക് രണ്ടു മണിക്കും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് തലേദിവസം രാത്രി എട്ടു മണിക്ക് തയ്യാറാക്കും. ഉച്ചയ്ക്ക് 14:01 മുതൽ രാത്രി 23:59 വരെയും, അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ചുവരെയുമുള്ള ട്രെയിനുകളുടെ ചാർട്ട് പുറപ്പെടുന്നതിന് പത്തു മണിക്കൂർ മുമ്പും പ്രസിദ്ധീകരിക്കും.
ഈ പരിഷ്‌കാരം ഉടനടി നടപ്പിലാക്കാൻ എല്ലാ സോണൽ ഡിവിഷനുകൾക്കും റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ തന്നെ ടിക്കറ്റ് സ്റ്റാറ്റസ് അറിയാൻ കഴിയുന്നതിലൂടെ യാത്രക്കാർക്ക് താമസ സൗകര്യങ്ങൾ ഒരുക്കാനും കണക്റ്റിംഗ് ട്രെയിനുകൾ പ്ലാൻ ചെയ്യാനും എളുപ്പമാകും. പത്തുലക്ഷത്തോളം യാത്രക്കാർക്ക് ആശ്വാസം നൽകുന്നതോടൊപ്പം റെയിൽവേ സേവനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവ് റെയിൽവേ പുനഃസ്ഥാപിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 2011ൽ യുപിഎ സർക്കാരിന്റെ കാലത്താണ് മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചത്. എന്നാൽ 2020 മാർച്ച് മാസത്തോടെ റെയിൽവേ ഇത് നിർത്തലാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലെടുത്ത തീരുമാനം പിന്നീട് പുനഃസ്ഥാപിച്ചിരുന്നില്ല.