തൃശ്ശൂർ: ബീച്ചിൽ വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിലാണ് സംഭവം. ബീച്ചിൽ കളിക്കാനെത്തിയ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.
കയ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീറാണ് വാഹനവുമായി ബീച്ചിൽ അഭ്യാസപ്രകടനം നടത്തിയത്. ഷജീർ ബീച്ചിൽ ജിപ്സി വാഹനമെത്തിച്ച് ഡ്രിഫ്റ്റ് ചെയ്യുകയായിരുന്നു. ബീച്ചിൽ കളിക്കാനെത്തിയ നാലു കുട്ടികളേയും ഇയാൾ വാഹനത്തിനു പിറകിൽ കയറ്റിയിരുന്നു. വാഹനത്തിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഉണ്ടായിരുന്നില്ല. കുട്ടികളേയും ഇരുത്തി ജീപ്പ് ഡ്രിഫ്റ്റ് ചെയ്യുകയായിരുന്നു.
ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണംവിട്ട് പിറകിലിരിക്കുകയായിരുന്ന സിനാൻ വെളിയിലേക്ക് തെറിച്ചു വീഴുകയും പിന്നാലെ വാഹനം കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഷജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മനഃപൂർവമായ നരഹത്യാകുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുകുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ, ഇവരുടെ പരിക്ക് ഗുരുതരമല്ല.