Trending

ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ എംഡിഎംഎ വിൽക്കാനെത്തിയ ദമ്പതികൾ അറസ്റ്റിൽ.


കണ്ണൂർ: ബംഗളൂരുവിൽ നിന്ന് മൂന്നര വയസ്സുള്ള കുട്ടിയുമായി രാസലഹരി വിൽക്കാൻ കണ്ണൂരിലെത്തിയ ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ താമസക്കാരായ കണ്ണൂർ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 70.66 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. 

ഷാഹുൽ ഹമീദും നജീമയും രാസലഹരിയുമായി ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസ്സിൽ വരുന്നുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചു. 

ഇന്നലെ രാവിലെ ബസ്സിലെത്തിയ ദമ്പതികൾ ഓട്ടോറിക്ഷയിൽ ആശുപത്രി പരിസരത്തേക്ക് വരുമ്പോൾ ഡാൻസാഫ് സംഘം ഓട്ടോറിക്ഷ വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ദേഹത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

നാർക്കോട്ടിക് എസിപി രാജേഷ്, കണ്ണൂർ സിറ്റി എസിപി പ്രദീപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ലഹരി മരുന്നു വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ കെയർ ഹോമിലേക്ക് മാറ്റി.

Post a Comment

Previous Post Next Post