Trending

പുതുവത്സരാഘോഷം: വിപുലമായ സുരക്ഷാ ക്രമീകരണവുമായി കോഴിക്കോട് സിറ്റി പോലീസ്.


കോഴിക്കോട്: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ.കെ. പവിത്രൻ, അഡീഷനൽ എസ്പി, എസിപിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 750 ഓളം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.

പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്‌, ബേപ്പൂർ ബീച്ച്, പുലിമുട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയും ഉണ്ടാകും.

ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ ഫ്രാൻസിസ് റോഡ് ജംഗ്ഷൻ, ദിവാർ ജംഗ്ഷൻ, രണ്ടാംഗേറ്റ്, സിഎച്ച് ഫ്ലൈ ഓവർ, പി.ടി ഉഷ റോഡ്, ക്രിസ്ത്യൻ കോളേജ് വെസ്റ്റ്, വെസ്റ്റ്ഹിൽ ചുങ്കം, കോതി ജംഗ്ഷൻ, പണിക്കർ റോഡ് ജംഗ്ഷൻ, കോയ റോഡ്, വെങ്ങാലി എന്നീ സ്ഥലങ്ങളിൽ നിന്നും ബീച്ചിലേക്കുളള ഗതാഗതം നിയന്ത്രണ വിധേയമായിരിക്കും. 

വൈകിട്ട് 5 മുതൽ ഗാന്ധി റോഡ് മുതൽ വലിയങ്ങാടി ജംഗ്ഷൻ വരെയുളള ഭാഗങ്ങൾ, ബോംബെ ഹോട്ടൽ ജംഗ്ഷൻ, മൂന്നാലിങ്ങൽ, ഗാന്ധി റോഡ്, കസ്റ്റംസ് റോഡ്, പഴയ കോർപ്പറേഷൻ റോഡ് എന്നീ ഭാഗങ്ങളിൽ നിന്നും ബീച്ച് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. വൈകിട്ട് 5ന് ശേഷം ബീച്ചിലേക്ക് വരുന്നവർ വാഹനങ്ങൾ പുറത്തെ പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്ത ശേഷം ബീച്ചിലേക്ക് വരേണ്ടതാണ്. ബീച്ചിലേക്ക് വരുന്നവർ ജനുവരി 1 പുലർച്ചെ ഒരു മണിക്കുളളിൽ ബീച്ചിൽ നിന്നും മടങ്ങണം.

പുതുവത്സര ആഘോഷം നടത്താൻ തീരുമാനിച്ചിട്ടുളള എല്ലാ സംഘടനകളും അതാത് പോലീസ് സ്റ്റേഷനിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശ്ശന നടപടി സ്വീകരിക്കും. ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടു കൂടി മാത്രമേ നടത്താൻ പാടുളളൂ. ഇക്കാര്യം പരിപാടി നടത്തുന്ന സംഘാടകർ ഉറപ്പു വരുത്തണം. 

ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി സ്ക്വാഡിന്റെ പരിശോധന ഉണ്ടാകും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുളള പോലീസ് സ്റ്റേഷനിലോ കേരള പോലീസിന്റെ ടോൾ ഫ്രീ നമ്പറായ 112,1515 എന്നിവയിലോ വിളിക്കാം.

Post a Comment

Previous Post Next Post