കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. ഫറോക്ക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്. കേസിൽ ഭര്‍ത്താവ് അബ്ദുൽ ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.
ഫാറൂഖ് കോളേജിനടുത്തായാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. ജബ്ബാർ ലഹരിക്കടിമയാണെന്നും നേരത്തെയും സമാനമായ ആക്രമണം നടത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ബന്ധം വേർപ്പെടുത്താൻ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും മുനീറ തന്നെ മുൻകൈ എടുത്ത് ബന്ധം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ആറും എട്ടും വയസ്സുള്ള പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും.
മുനീറ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. സമീപത്തെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ. കഴിഞ്ഞ ബുധനാഴ്ച രാവിലെ മുനീറ ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ജബ്ബാർ ലഹരി വാങ്ങാൻ പൈസ ആവശ്യപ്പെട്ടത്. പണം നൽകാൻ മുനീറ വിസമ്മതിനെ തുടർന്ന് മുറിയിൽ പൂട്ടിയിട്ട് പ്രതി കൊടുവാൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.