Trending

സിനിമയെ വെല്ലുന്ന രംഗങ്ങൾ; നടുറോഡിൽ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ, ഡോക്ടർമാർക്ക് അഭിനന്ദനപ്രവാഹം.


കൊച്ചി: സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ഞായർ രാത്രി എറണാകുളം ഉദയംപേരൂർ വലിയംകുളത്തുണ്ടായത്. നടുറോഡിൽ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് മൂന്ന് ഡോക്ടർമാർ നടത്തിയ അടിയന്തര ഇടപെടലിലൂടെ രക്ഷിക്കാനായത് വിലപ്പെട്ട ഒരു ജീവൻ. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസതടസമുണ്ടായ കൊല്ലം സ്വദേശിയെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസർ ഡോ. ബി മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ തോമസ് എന്നിവർ അടിയന്തര ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഞായറാഴ്ച രാത്രിയാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വെച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഡോ. തോമസ് പീറ്ററും ഡോ. ദിദിയയും അപകടം കാണുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില അതിഗുരുതരമായിരുന്നില്ല. കൊല്ലം സ്വദേശിയായ ലിനുവിന്റെ നില അതീവ ഗുരുതരമായിരുന്നു. ഈ യുവാവിനെ മറ്റൊരാൾ പരിശോധിക്കുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനൂപ് ആണെന്ന് മനസ്സിലാക്കുന്നത്. ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസ തടസ്സമുണ്ടായി റെസ്പിറേറ്ററി അറസ്റ്റ് എന്ന ഗുരുതരമായ അവസ്ഥയിലായിരുന്നു ലിനു. ഇതോടെ ശ്വാസ തടസം ഒഴിവാക്കാനായി ആശുപത്രിയിലെ എമർജൻസി റൂമുകളിൽ ചെയ്യുന്ന സർജിക്കൽ ക്രിക്കോതൈറോട്ടമി' എന്ന അടിയന്തര ചികിത്സ റോഡിൽ വെച്ചു തന്നെ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

നാട്ടുകാർ നൽകിയ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചായിരുന്നു സർജറി. കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി ശ്വാസ നാളത്തിലേക്ക് സ്ട്രോ കടത്തിവിട്ട് ശ്വാസഗതി സാധാരണ അവസ്ഥയിലെത്തിച്ചു. പിന്നീട് ഉടൻ തന്ന ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുംവരെ ആംബുലൻസിൽ ഡോ. മനൂപ് സ്ട്രോയിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നു. ഡോക്ടർമാരുടെ അടിയന്തര ഇടപെടൽ പുറത്തുവന്നതോടെ അഭിനന്ദന പ്രവാഹമാണെത്തുന്നത്. മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്ത ഡോക്ടർമാരെ ഐഎംഎ അഭിനന്ദിച്ചു. നോബഡി, മെർസർ തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളുമായാണ് പലരും സംഭവത്തെ താരതമ്യം ചെയ്യുന്നത്.

Post a Comment

Previous Post Next Post