കുറ്റ്യാടി: കുറ്റ്യാടി പൈക്കളങ്ങാടിയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ കോങ്ങോട് ആന്റണി-വത്സമ്മ ദമ്പതിളുടെ മകൻ ബിജോ ആന്റണി (36) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കാർ ഉച്ച മുതൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു. വൈകുന്നേരം ഏഴു മണിയായിട്ടും വാഹനം മാറ്റാതിരുന്നതിനെ തുടർന്ന് പമ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ കണ്ടെത്തിയത്. ഈ സമയത്ത് കാറിന്റെ എസി പ്രവർത്തിക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാറിന്റെ ചില്ല് തകർത്ത് ബിജോയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. കോഴിക്കോട്ടെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ബിജോ. ഭാര്യ: ജോസ്ന. മകൻ: ഏദൻ. സഹോദരൻ: വിജേഷ് ആന്റണി.