Trending

മരണത്തിലും തണലായി ദേവപ്രയാഗ്; വാഹനാപകടത്തിൽ മരിച്ച 9 വയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്തു.


തിരുവനന്തപുരം: നിലമേലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപത് വയസുകാരൻ ദേവപ്രയാഗിന്റെ അവയവങ്ങൾ ദാനം ചെയ്തു. തിരുവനന്തപുരം തിരുമല ആറാമടയിൽ നെടുമ്പറത്ത് ബിച്ചു ചന്ദ്രൻ -അഖില ദമ്പതികളുടെ മകനാണ് ദേവപ്രയാഗ്. ഒരു വൃക്ക, കരൾ, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിയ്ക്കുമാണ് നൽകിയത്.

ഇക്കഴിഞ്ഞ ഡിസംബർ 15ന് കൊല്ലം നിലമേലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന ദേവപ്രയാഗിന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മൂന്നുപേരേയും ഉടൻതന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ദേവപ്രയാഗിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡിസംബർ18ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുമായിരുന്നു. ശാന്തിനികേതൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവപ്രയാഗ്. ദേവപ്രയാഗിന്റെ അമ്മ അഖില കലക്ട്രേറ്റിൽ ആർടിഒ ഓഫീസിൽ ജോലി ചെയ്യുകയാണ്.

Post a Comment

Previous Post Next Post