അടിവാരം: താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടും.
അതേസമയം അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്.