കൊയിലാണ്ടി: കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്ക്. ബസ്സ് ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. പുലർെച്ച ആറു മണിയോടെ ദേശീയപാതയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. ആരുടെയും പരിക്കു ഗുരുതരമല്ല. ബസ്സിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരിൽ ആറു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരും തമിഴ്നാട് സ്വദേശികൾ ആണ്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം. വെങ്ങളം ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ട കർണാടക റജിസ്ട്രേഷനിലുള്ള ലോറിയുടെ പിന്നിലാണ് ബസ്സ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.