വയനാട്: വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി സ്ത്രീ മരിച്ചു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ഇന്ന് രാവിലെ കതിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം.
സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ പരിശോധനയിൽ കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ചാന്ദിനിയുടെ മുഖത്ത് മുറിവുകളുണ്ട്. എന്തിനാണ് ഇവർ കാട്ടിലേക്ക് പോയത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.