കണ്ണൂർ: ചിക്കമംഗളൂരുവിൽ കാർ ബൈക്കിലിടിച്ച് രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശികളായ വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ സഹീർ (21), ബിഇഎംയുപി സ്കൂളിനു സമീപം തേറാംകണ്ടി അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചിക്കമംഗളൂരിനടുത്ത് കടൂരിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.
അനസ് സംഭവ സ്ഥലത്തും സഹീർ മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയുമാണ് മരിച്ചത്. രണ്ടു സ്‌കൂട്ടറുകളിൽ നാലുപേർ കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദ യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവിൽ പോയ ശേഷം ചിക്കമംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമം.