കോഴിക്കോട്: പ്രവാസി മലയാളികളുടെ പരാതികള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനുമായി പ്രവാസി കമ്മീഷന്‍ നവംബര്‍ 4ന് കോഴിക്കോട്ട് അദാലത്ത് സംഘടിപ്പിക്കും. വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നല്‍കും. അംഗങ്ങളായ പി.എം ജാബിര്‍, ഡോ.മാത്യൂസ് കെ. ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്യ പൊന്മാങ്കല്‍, സെക്രട്ടറി ആര്‍.ജയറാം കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രവാസികളെ സംബന്ധിക്കുന്ന ഏത് വിഷയവും അദാലത്തില്‍ ഉന്നയിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. പ്രവാസി മലയാളികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, അവരുടെ കേരളത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകളില്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍. അദാലത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2322311.