താമരശ്ശേരി: സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് ഉൾപ്പെടുന്ന പഴയകെട്ടിടം ഒരു മാതൃ-ശിശു കേന്ദ്രമൊരുക്കാൻ പൊളിച്ചിട്ടതിനെ തുടർന്ന് കാലങ്ങളായി അസൗകര്യം നേരിടുന്ന താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിക്ക് ഒടുവിൽ ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിട ബ്ലോക്ക് നിർമ്മിക്കുന്നതിനായി ഒന്നാംഘട്ട ഭരണാനുമതി ലഭിച്ചു. പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 3.74 കോടി രൂപയാണ് എംസിഎച്ച് ബ്ലോക്കിന് പദ്ധതിവിഹിതമായി സംസ്ഥാന സർക്കാർ അനുവദിച്ചത്.
മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാർ പ്രതിദിനം ആശ്രയിക്കുന്ന താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയുടെ വളരെക്കാലമായുള്ള ആവശ്യമാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു എംസിഎച്ച് യൂണിറ്റ്. 2019-ൽ റൂറൽ ഇൻഫ്രാ ഡിവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി നബാർഡ് ഫണ്ടിലുൾപ്പെടുത്തി ഏകദേശം 13 കോടി രൂപ ചെലവിൽ കെട്ടിടനിർമ്മാണം ആരംഭിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നബാർഡ് ഫണ്ടിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാൻ സാധിച്ചിരുന്നില്ല.
മുൻ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തിയാക്കാമെന്ന തീരുമാനം നടപ്പാവാതെ പോവുകയായിരുന്നു. അതിനിടെ, പുതിയ കെട്ടിടനിർമ്മാണം വേഗത്തിൽ തുടങ്ങുമെന്ന കണക്കുകൂട്ടലിൽ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ ഉൾപ്പെട്ട പഴയകെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തു. കെട്ടിടനിർമ്മാണം വൈകി, ആശുപത്രി പ്രവർത്തനങ്ങളിൽ പ്രതിസന്ധി നേരിട്ടതോടെ, മാതൃ-ശിശു വാർഡ് നിലവിലെ ആശുപത്രി കെട്ടിടത്തിലേക്ക് ഉൾക്കൊള്ളിക്കുകയായിരുന്നു. മാതൃ-ശിശു കേന്ദ്രത്തിനുള്ള കെട്ടിടനിർമ്മാണത്തിന് എസ്റ്റിമേറ്റ് പുതുക്കി പ്ലാനുൾപ്പെടെ സർക്കാരിലേക്ക് സമർപ്പിച്ചതോടെയാണ് തുടർനടപടി.
നിലവിൽ താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളിലെ അപര്യാപ്തത കാരണം രോഗികൾക്ക് പ്രയാസം നേരിടുന്നുവെന്നിരിക്കെ, കെട്ടിടം നിർമ്മിക്കുന്നതോടെ വലിയൊരു ആശ്വാസമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കിയും ടെൻഡർ നടപടികൾ പൂർത്തിയാക്കിയും നിർമ്മാണപ്രവൃത്തി വേഗത്തിൽ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എം.കെ മുനീർ എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.