താമരശ്ശേരി: താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ നടന്നത് ആസൂത്രിത അക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും ഡിഐജി കൂട്ടിച്ചേർത്തു.
രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. കർശ്ശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. എസ്പി, താമരശ്ശേരി എസ് എച്ച് ഉൾപ്പെടെ 16 ഓളം പോലീസുകാർക്ക് ഗുരുതര പരിക്കേറ്റതായും ഡിഐജി പ്രതികരിച്ചു.
അതേസമയം ഫ്രഷ് കട്ടിൽനിന്ന് ഒഴുക്കിവിടുന്ന ഇരുതുള്ളി പുഴയോരത്ത് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഇരുതുള്ളി പുഴ കടന്നുപോകുന്ന വാർഡുകളിലും വിവിധ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കടവ് എന്നിവിടങ്ങളിലും താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ, കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.