പേരാമ്പ്ര: പേരാമ്പ്ര ചക്കിട്ടപ്പാറയിൽ എൽപിജി ഗ്യാസ് സിലിണ്ടർ ചോർന്ന് ബേക്കറിക്ക് തീപിടിച്ചു. ചക്കിട്ടപ്പാറ മീത്തലെ മഠത്തിൽ ജലീൻ്റെ ഉടമസ്ഥതയിലുള്ള ജെ.ആർ ബേക്കറി & കഫ്റ്റീരിയയിലാണ് അഗ്നിബാധ ഉണ്ടായത്. തൊട്ടടുത്തുള്ള ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങൾ കത്തിനശിച്ചു. കൂളർ, ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വയറിങ് സിസ്റ്റവും ഭാഗികമായും കത്തി നശിച്ചു. പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ ഭരതന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീക്കിന്റെയും നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.