Trending

താമരശ്ശേരിയിൽ ഫ്രഷ്കട്ട് ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാര്‍; വൻ സംഘർഷം, പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.

താമരശ്ശേരി: താമരശ്ശേരിയിൽ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. പ്രതിഷേധക്കാർ പ്ലാന്റിന് തീയിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് സ്ഥാപനത്തിന്റെ മാലിന്യ പ്ലാന്റിനെതിരെയാണ് പ്രതിഷേധം. കോഴിമാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. 

സംഘര്‍ഷത്തിൽ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പോലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. കല്ലേറിൽ താമരശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മാലിന്യ ശേഖരണം നടത്തുന്ന ലോറിയ്ക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെയാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്. പരിക്കേറ്റ എസ്‍പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

സംഘര്‍ഷത്തിൽ 20ലധികം പോലീസുകാര്‍ക്കും നിരവധി നാട്ടുകാര്‍ക്കുമാണ് പരിക്കേറ്റത്. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. ഫാക്ടറിയിൽ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട്. തീ അണയ്ക്കാൻ പുറപ്പെട്ട ഫയര്‍ഫോഴ്സിന്‍റെ വാഹനം സമരക്കാര്‍ തടഞ്ഞു. ഫയര്‍ഫോഴ്സിന് ഫാക്ടറിയിൽ എത്താനായിട്ടില്ല. ഇതിനാൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല.

Post a Comment

Previous Post Next Post