പത്തനംതിട്ട: പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ബുധനാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തി. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം രണ്ടുമണിക്കൂറോളം യാത്രചെയ്ത് പമ്പയിലെത്തുകയായിരുന്നു. തുടര്‍ന്ന് പമ്പാ സ്‌നാനം നടത്തി കെട്ടുനിറച്ച് മലകയറി. നേരത്തേ ട്രയല്‍ റണ്‍ നടത്തിയ ആറോളം പ്രത്യേക ഗൂര്‍ഖ വാഹനങ്ങളിലാണ് സന്നിധാനത്തെത്തിയത്.
എമര്‍ജന്‍സി സര്‍വീസായി കടന്നുപോകുന്ന സ്വാമി അയ്യപ്പന്‍ റോഡുവഴിയാണ് പുറപ്പെട്ടത്. കൊടും വളവുകളും കയറ്റങ്ങളും നിറഞ്ഞ വഴിയിലൂടെ 20 മിനിറ്റോളം പിന്നിട്ടാണ് സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് ഇരുമുടിയേന്തി 18-ാംപടി ചവിട്ടി മേലേതിരുമുറ്റത്തെത്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി രാഷ്ട്രപതിയെ സ്വീകരിച്ചു. പിന്നീട് ശ്രീകോവിലിന്റെ മുന്നിലെത്തി ദര്‍ശനം നടത്തുകയായിരുന്നു.
ഇതിനിടെ, രാഷ്ട്രപതിയുടെ ഹെലിക്കോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. നിശ്ചയിച്ചതില്‍ നിന്ന് അഞ്ചടി മാറിയാണ് ഹെലിക്കോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് താഴ്ന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു സുരക്ഷിതമായി താഴെ ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തേക്ക് ഹെലിക്കോപ്റ്റര്‍ പിന്നീട് പൊലീസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് തള്ളിനീക്കുകയായിരുന്നു.