ന്യൂഡൽഹി: ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ടു ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു.
2020-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിരവധി ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വസതികളുണ്ട്. കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. നാലാമത്തെ നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ജെബി മേത്തര്‍ പ്രതികരിച്ചു.
ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 14 ഫയര്‍ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ ഉച്ചയ്ക്ക് 2.10 ഓട് കൂടി തീ പൂർണമയി നിയന്ത്രണ വിധേയമാക്കി.