കോഴിക്കോട്: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയർന്ന സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും താഴോട്ട്. ഇന്ന് ഗ്രാമിന് 285 രൂപയും പവന് 2,280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഇന്നലെ രണ്ടു തവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. വൈകീട്ട് യഥാക്രമം 220 രൂപയും 1,760 രൂപയുമാണ് കുറഞ്ഞത്. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർദ്ധിച്ചിരുന്നു. എന്നാൽ, തുടർ ദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. മൂന്നുദിവസം കൊണ്ട് 6,280 രൂപയാണ് പവന് കുറഞ്ഞത്.
ആഗോള വിപണിയിൽ വിലവർദ്ധന രേഖപ്പെടുത്തിയിട്ടും കേരളത്തിൽ വില കുത്തനെ ഇടിയാൻ കാരണമായത് ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിട്ട കനത്ത തിരിച്ചടിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണമാണ് രൂപ ഇന്ന് നേരിട്ടത്. ഒരു യുഎസ് ഡോളറിന് 92.27 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.
അതേസമയം, സ്പോട്ട് ഗോൾഡിന് 44.93 ഡോളർ വർധന രേഖപ്പെടുത്തി. 5,157.29 ഡോളറാണ് ഇന്നത്തെ വില. യു.എസും ഇസ്രായേലും തുടങ്ങിവെച്ച ഇറാൻ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.