കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2026 ജനുവരി 23, 24, 25 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 5, 7, 10, 12 മദ്രസ ക്ലാസുകളിലെ പൊതുപരീക്ഷ ഫലമാണ് പുറത്ത് വന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി 2,77,650 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിൽ 2,73,571 പേരാണ് പരീക്ഷ എഴുതിയത്. 2,69,930 പേര്‍ വിജയിച്ചു (99%). ടോപ് പ്ലസ് 9379 പേര്‍, ഡിസ്റ്റിംഗ്ഷൻ 54,272 പേര്‍, ഫസ്റ്റ് ക്ലാസ് 94,747 പേര്‍, സെക്കൻ്റ് ക്ലാസ് 41,889 പേര്‍, തേർഡ് ക്ലാസ് 69,618 പേരും സ്വന്തമാക്കി.
ഇന്ത്യയിലും വിദേശത്തുമായി 7,411 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറത്ത് ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സമസ്തയുടെ മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലും മദ്രസകൾ പ്രവര്‍ത്തിക്കുന്നു. ആകെ 11,090 മദ്രസകൾക്ക് സമസ്തയുടെ കീഴില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
പരീക്ഷ ഫലം ഈ വെബ്‌സൈറ്റില്‍ അറിയാം പരീക്ഷാ ഫലം www.samastha.info, result.samastha.info എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാവും.
സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2026 ഏപ്രില്‍ 5ന് നടക്കുന്ന ''സേ''പരീക്ഷയില്‍ പങ്കെടുക്കാം. സേ എഴുതുന്നതിന് ഒരു കുട്ടിക്ക് 250 രൂപയാണ് ഫീസ് നൽകേണ്ടത്. പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയും നൽകണം. സേ പരീക്ഷയ്ക്കും പുനഃപരിശോധനക്കും മാര്‍ച്ച് 6 മുതല്‍ മാർച്ച് 14 വരെ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം. സ്‌കൂള്‍ സിലബസ് പ്രകാരം നടക്കുന്ന മദ്രസകളുടെ പരീക്ഷ 2026 ഏപ്രില്‍ 3, 4, 5 തിയ്യതികളില്‍ നടക്കും. സ്‌കൂള്‍ സിലബസിൽ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇന്ത്യയിലും വിദേശത്തുമായി 17,695 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.