തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവില്‍ കിണറ്റിൽ വീണ 'അജ്ഞാത ജീവി'യെ തിരിച്ചറിഞ്ഞു. പുലിയാണ് കിണറ്റിൽ വീണതെന്ന് തിരിച്ചറിഞ്ഞു. വനം വകുപ്പ് കിണറ്റിൽ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കിണറിൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു. കുര്യാളശ്ശേരി കുര്യന്റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ ആള്‍മറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള കിണറിലാണ് കഴിഞ്ഞ ദിവസം അജ്ഞാത ജീവി വീണുവെന്ന് പ്രചരണമുണ്ടായത്.
കിണറിനകത്ത് ഒരു ഗുഹയുണ്ട്. ഈ ഗുഹയിലേക്ക് കയറിപ്പോയതിനാൽ എന്താണ് വീണതെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിഎഫ്ഒ സംഘം, പ്രത്യേകം തയ്യാറാക്കിയ ക്യാമറ കിണറിലിറക്കി പരിശോധിച്ചിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇന്നാണ് വനം വകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.