ഇടുക്കി: അതിതീവ്ര മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ 75 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. 1063 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് നോക്കി ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകള്‍ തുറക്കും. ഇടുക്കി കല്ലാര്‍ അണക്കെട്ടും തുറന്നിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി മുതൽ പത്ത് മണിക്കൂറിലേറെ ഇടുക്കി ജില്ലയിൽ മഴ പെയ്തിരുന്നു. പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കുമിളിയിൽ കരകവിഞ്ഞ തോടിന് സമീപമുള്ള വീട്ടിൽ കുടുങ്ങിയ കുടുംബത്തെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആന വിലാസം ശാസ്തനട ഭാഗം, വണ്ടിപ്പെരിയാർ, കക്കികവല എന്നിവിടങ്ങളിലും വെള്ളം കേറുന്ന സാഹചര്യമാണുള്ളത്.