ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കാന്‍ പദ്ധതിയില്ലെന്നും സൗജന്യമായി തുടരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്.
യുപിഐ ഇടപാടുകള്‍ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞിരുന്നു. ”യുപിഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യുപിഐ ഇടപാടുകള്‍ നടത്താന്‍ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ സിസ്റ്റത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകള്‍ വഹിക്കേണ്ടിവരും’ എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഗവര്‍ണര്‍ മല്‍ഹോത്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു ‘വളരെ ഉയര്‍ന്ന വളര്‍ച്ചാ പാത’ യിലാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നു, കേന്ദ്ര ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ 6.8% വളര്‍ച്ച പ്രവചിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
റിസര്‍വ് ബാങ്കിന്റെ ധനനയവും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5% ആയി തുടരും. ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ആദ്യമായി ചേര്‍ന്ന ധനനയ സമിതി യോഗത്തിലാണ് തീരുമാനം. ഭവന, വാഹന വായ്പകളുടെ പലിശയില്‍ മാറ്റമുണ്ടാകില്ല. പണപ്പെരുപ്പ നിരക്ക് 3.1% ല്‍ നിന്ന് 2.6% ആയതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.